ഭൂപ്രകൃതി
ഭൂപ്രകൃതിയും കാലാവസ്ഥയും
പഴയകാല മലബാര്‍ ജില്ലയിലെ ഭാഗമായ താമരശ്ശേരി 1936-37 കാലത്താണ് പഞ്ചായത്തായി രൂപപ്പെടുന്നത്. പഞ്ചായത്തിലെ കുന്നുകളും താഴ് വരകളും പുഴയോരങ്ങളും നിറഞ്ഞ പ്രദേശങ്ങള്‍ അരനൂറ്റാണ്ട മുമ്പ് വന്യ മൃഗങ്ങള്‍ അതിവസിക്കുന്ന പ്രദേശമായിരുന്നു. കേരളപ്പിറവിക്ക് മുമ്പ് തന്നെ പഴയ തിരുവിതാംകൂറില്‍ നിന്നെത്തിയ കുടിയേറ്റക്കാരുടെ ഇടപെടല്‍ പ്രദേശത്തെ കാര്‍ഷിക മേഖലയാക്കി മാറ്റി. തിരുവിതാംകൂറില്‍ നിന്നെന്നപോലെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ നിന്ന് ആളുകള്‍ ഈ പ്രദേശത്ത് വന്ന് തൊഴില്‍ ചെയ്തു ജീവിച്ചിരുന്നു.ഇതോടൊപ്പം തന്നെ വാണിജ്യ രംഗവും വളര്‍ന്നു താമരശ്ശേരിയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും ഗതാഗത സൗകര്യങ്ങളും ഈ മുന്നേറ്റത്തിന് ചാലകശക്തിയായി മാറുകയും ചെയ്തു. പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറ് ഭാഗത്തായി നിലകൊള്ളുന്ന പഞ്ചായത്തില്‍ സുമാര്‍ നാല്‍പ്പതിനായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്നു.
ചെറുകുന്നുകളുടെ താഴ് വരകള്‍ ഉള്‍പ്പെടുന്ന സമതലം ഒരു കാലത്ത് വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്ന വയലുകളായിരുന്നു.ഉയര്‍ന്ന കൂലി ചെലവും തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതും ഈ മേഖലയില്‍ നിന്നും മാറി മിക്ക വയല്‍പ്രദേശങ്ങളും പച്ചക്കറി കൃഷി ഇടങ്ങളായി മാറിയിട്ടുണ്ട്. കരഭൂമിയില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക് മുതലായവ കൃഷി ചെയ്യപ്പെടുന്നു.പൊതുവെ മിത ശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന താമരശ്ശേരി പഞ്ചായത്തില്‍ നാല് ചെറു നീര്‍ത്തടങ്ങളുംപ്പെടുന്നു.
കാലാവസ്ഥ
ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ മൊത്തത്തിൽ ലഭിക്കുന്ന മഴയുടെ 60% നല്കുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ തുലാവർഷവും ലഭിക്കുന്നു. എന്നാൽ ചില കാലങ്ങളിൽ കാലാവസ്ഥ ചതിക്കാറുമുണ്ട്. ഇക്കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ തിരമുറിയാതെ പെയ്യുന്ന 'തിരുവാതിര ഞാറ്റുവേല' യിൽ ഒരു തുള്ളി മഴ പെയ്തില്ല എന്ന ദുഃഖസത്യം പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഡിസംബർ, ജനുവരി മാസങ്ങളിലാണ്, 27 ഡിഗ്രി സെൽഷ്യസിൽ താഴെ. മാർച്ച് വരെയുള്ള കാലഘട്ടത്തിൽ 38 ഡിഗ്രി സെന്റഗ്രേഡിനും ഇടയിൽ താപമുയരാറുണ്ട്. മഴയുടെ ലഭ്യതയിൽ നേരിയ കുറവനുഭവപ്പെട്ടതൊഴിച്ചാൽ ഒരു നൂറു വർഷത്തിനിടയ്ക്ക് കാലാവസ്ഥയിൽ കാര്യമായ വ്യതിയാനമൊന്നും ഇവിടെ ഉണ്ടായിട്ടില്ല എന്ന് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും.
ജലവിഭവം
താമരശ്ശേരി ഗ്രാമപഞ്ചായത്ത് കിഴക്ക് ഭാഗം ഇരുതുള്ളിപ്പുഴയും പടിഞ്ഞാറ് പൂനൂര്‍ പുഴയും അതിരു പങ്കിടുന്ന പ്രദേശമാണ്. കൂടാതെ നിരവധിയായ കൈതോടുകളും നീർത്തടങ്ങളും താമരശ്ശേരിയെ ജലസമൃദ്ധമാക്കുന്നു. പുഴകളെ അതിന്റെ തനത് സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് സംരക്ഷിക്കുന്നതിനും അതുവഴി പുഴയെ ആശ്രയിച്ചു കഴിയുന്ന കുടിവെള്ളപദ്ധതികളെയും കുടിവെള്ളക്കിണറുകളെയും നിലനിര്‍ത്തുന്നതിന് ആവശ്യമായ പദ്ധതികളാവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതില്‍ ഭരണസമിതികള്‍ എക്കാലവും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്.ഇരുതുള്ളിപ്പുഴയോരത്ത് അമ്പലമുക്ക് പ്രദേശത്ത് ഇരുപതേക്കറോളം സ്ഥലത്ത് തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചും, പുഴയോരങ്ങളില്‍ മുള പോലെയുള്ള മണ്ണ് സംരക്ഷണ ചെടികള്‍ വെച്ചുപിടിപ്പിച്ചും നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന മണ്‍തുരുത്തുകളും മരങ്ങളും മാറ്റി സുഗമമായ ഒഴുക്കിന് വേണ്ട പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഒരു കാലത്ത് കുളങ്ങൾ ജലസംഭരണികളായിരുന്നു. ഒട്ടനവധി കുളങ്ങൾ നാടിന്റെ നാനാഭാഗത്തും ഉണ്ടായിരുന്നു. ഇവയിൽ നല്ലൊരു ഭാഗം ഇടിഞ്ഞുനികന്ന് നാശമായി കിടക്കുന്നു. ജലത്തിനുവേണ്ടി ജനങ്ങൾ മുഖ്യമായി ആശ്രയിക്കുന്നത് കിണറുകളെയാണ്. സ്വന്തമായി കിണറില്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്.
മണ്‍തരങ്ങള്‍
ചെറുകുന്നുകളുടെ താഴ് വരകള്‍ ഉള്‍പ്പെടുന്ന സമതലം ഒരു കാലത്ത് വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്ന വയലുകളായിരുന്നു. ചെങ്കല്‍മണ്ണ്, ഏക്കല്‍മണ്ണ്, മണല്‍മണ്ണ് എന്നിവ ഇവിടെ മുഖ്യമായും കാണുപ്പെടുന്നു. ഫലഭൂയിഷ്ഠി വളരെ കൂടുതലുള്ള മണ്ണാണിത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം ഉണ്ടാകാറുണ്ട്. അതേ സമയം കനത്ത വേനലിലും വറ്റാത്ത സ്വാഭാവിക നീരുറവകളും ചില മലമ്പ്രദേശങ്ങളില്‍ ഉണ്ട്. മുമ്പുണ്ടായിരുന്ന പാടശേഖരങ്ങളിൽ പലതും ഇന്ന് നികത്തിയെടുത്ത് നാണ്യവിളകളുടെ കൃഷിക്കും കെട്ടിടനിർമ്മാണത്തിനുമായി ഉപയോഗിച്ചതായി കാണാം.